Wednesday, October 3, 2007

ഹൈവേ യക്ഷികള്‍

മുംബയ്. ഈസ്റ്റേണ്‍ എക്സ്പ്രസ്സ് ഹൈവേ. ഒരു കറുത്തവാവിന്റെ രാത്രി. അയാള്‍ വിക്രോളിയിലെ ഓവര്‍ ബ്രിഡ്ജിനടുത്ത് തന്റെ ഓട്ടോയില്‍ കാത്തിരുന്നു യാത്രക്കാരനേയും കാത്ത്. അങ്ങനെ ഇരിക്കെ ഒരു യാത്രക്കാരന്‍ അയാളെ സമീപിച്ചു.
“മുളുണ്ട്...” അയാള്‍ കയറി കഴിഞ്ഞു.
ഓട്ടോക്കാരന്‍ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്ത് യാത്ര ആരംഭിച്ചു. ഹൈവേയില്‍ പലയിടത്തും വെളിച്ചമില്ലാ...!! ഓട്ടോയുടെ ഹെഡ് ലൈറ്റില്‍ നിന്നും വരുന്ന ഇത്തിരി വെളിച്ചവും പിന്നെ ഇടക്കിടെ വന്നു പോകുന്ന വലിയ വാഹനങ്ങളുടെ വെളിച്ചവും മാത്രമാണ് ഒരു റോഡിന്റെ അവസ്ഥ കാണിക്കുന്നതും ഓട്ടോ മുന്നൊട്ട് കൊണ്ടു പോകാന്‍ സഹായിക്കുന്നതും. പുറകില്‍ കയറിയ യാത്രക്കാരന്‍ തികച്ചും നിശ്ബ്ദനായിരുന്നു. റിയര്‍ വ്യൂവിലൂടേ നോക്കിയെങ്കിലും ആ ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ലാ. വണ്ടി ഓടിക്കൊണ്ടേയിരുന്നു. ഇടക്ക് വാശി ബ്രിഡ്ജിലേക്ക് തിരിയുന്നതിനടുത്തുള്ള ഓവര്‍ബ്രിഡ്ജിലൂടെ ഓട്ടൊ നീങ്ങാന്‍ തുടങ്ങവേ കടന്നു പോയ ഒരു ട്രക്കിന്റെ വെളിച്ചത്തില്‍ അയാള്‍ - ഓട്ടോക്കാരന്‍ - കണ്ടു.... ഒരു സ്ത്രീ ഓട്ടൊയ്ക്ക് കൈ കാട്ടുന്നു. എന്തു ചെയ്യണമെന്ന് ശങ്കിച്ചെങ്കിലും അയാള്‍ പുറകിലെ യാത്രക്കാരനോട് ആരാഞ്ഞു: “സാബ്, ഏക് ലഡ്ക്കി ഹാത്ത് ദിഖാരെ..., റുക്കാ‍വൂ ക്യാ...?” (സാര്‍, ഒരു സ്ത്രീ കൈ കാട്ടുന്നു... നിറുത്തണോ...?). “റുക്ക് കെ പൂച്ചലേ... കഹാ ജാനെ ക ഹെ” (നിറുത്തി ചോദിച്ചു നോക്ക് എവിടെ പോകാനാന്ന്..) യാത്രക്കാരന്‍ ഇത്രമാത്രം പറഞ്ഞു.

ആ സ്ത്രീയുടെ അടുക്കല്‍ ഓട്ടോ അയാള്‍ നിറുത്തി. കൊള്ളാം... അതിസുന്ദരി...! കറുത്ത സാരിയില്‍ വെള്ളി നൂലുകള്‍ പതിപ്പിച്ച് മനോഹരമാക്കിയ അവളുടെ ഉടയാടക്കുള്ളില്‍‍ അവള്‍ അപ്സരസായി തോന്നിച്ചു...!! ഒരു പക്ഷെ “ന്യൂ ബോംബെ“യിലോ മറ്റൊ കോള്‍ സെന്ററില്‍ ജോലി ചെയ്യുന്നവളാവും..., കമ്പനി വാ‍ഹനം കിട്ടിയിട്ടുണ്ടാവില്ലാ..., ഹോ എന്നാലും ഇന്നത്തെ പെണ്‍കുട്ടികളുടെ ധൈര്യം സമ്മതിക്കണം..., എന്നെല്ലാം അയാള്‍ മനസില്‍ പറഞ്ഞു. സ്ത്രീയോട് അയാള്‍ ചോദിച്ചു: “ആപ് കോ കഹാ ജാനേ കാ ഹേ...?” (നിങ്ങള്‍ക്ക് എവിടെ പോകാനാ?) സ്ത്രീ പറഞ്ഞു: “ആഗേ കാ നാകേ കാ ബാദ് ചോഡ് ദീജിയേ..” (മുന്നിലേ ആ കവലക്ക് ശേഷം വരെ...). “ക്യാ കരൂം സാബ്...?” (എന്തു ചെയ്യണം സാര്‍?) “ചലോ ബൈട്ടോ...” (വരൂ... ഇരുന്നോളൂ..) മറുപടി ആ സ്ത്രീയോടാണാ യാത്രക്കാരന്‍ പറഞ്ഞത്. അങ്ങനെ ഓട്ടൊയില്‍ യാത്രക്കാര്‍ രണ്ടായി. ഓട്ടോ മുന്നോട്ട് പോയി. ആ സ്ത്രീ പറഞ്ഞ കവല കടന്ന് ഒട്ടോ മുന്നോട്ട് നീങ്ങി. ആ സ്ത്രീ അയാളുടെ തോളില്‍ തട്ടി പറഞ്ഞു: “ബസ്... യഹീ പേ ചോഡ് ദീജിയേ..” (മതി.., ഇവിടെ വിട്ടാല്‍ മതി). റോഡിന്റെ മറുവശത്ത് ഒരു വഴിവിളക്ക് മിന്നി മിന്നി തെളിയാന്‍ മടിച്ച് നില്‍ക്കുന്നു. അതിനു സമാനരേഖയില്‍ അയാള്‍ ഓട്ടൊ നിറുത്തി. അവള്‍ ഓട്ടൊയില്‍ നിന്നും ഇറങ്ങി. “കിതനാ ഹുവാ..?” (എത്രയായി?). അയാള്‍ ശങ്കിച്ചു. പുറകിലിരിക്കുന്ന യാത്രക്കാരന്‍ വിളിച്ച ഓട്ടം അതിലിപ്പോ ഇവള്‍ കയറിയതും അയാള്‍ സമ്മതിച്ചിട്ട്. ഇനിയിപ്പോള്‍ താനെങ്ങനെ കാശ് ഇവളുടെ കൈയില്‍ നിന്നും വാങ്ങും...? അയാളുടെ മനസ് വായിച്ചിട്ടെന്നതു പോലെ പുറകിലിരുന്ന യാത്രക്കാരന്‍ പറഞ്ഞൂ: “ജോ ദേ രഹാ ഹെ... വൊ ലേലീജിയേ...” (തരുന്നത് വാങ്ങിച്ചോളൂ...) അവള്‍ കുറച്ച് ചില്ലറ അയാളുടെ കൈയിലേക്ക് നീട്ടി. അയാള്‍ അത് വാങ്ങുന്നതിനിടയില്‍ ഒരു രണ്ടു രൂപാ തുട്ട് നിലത്തേക്ക് വീണു... “ഓ... സോറീ” എന്നവള്‍ പറയുന്നതിനിടയില്‍ അയാള്‍ കുനിഞ്ഞ്, റോഡിന്റെ മറുവശത്തെ വഴിവിളക്കിന്റെ മിന്നല്‍ വെളിച്ചത്തില്‍, വീണുപോയ രണ്ടു രൂപക്കായി നിലത്ത് പരതി. അതിനിടയില്‍ അയാള്‍ കണ്ടു. തന്റെ ഓട്ടോയില്‍ നിന്നും ഇറങ്ങിയ സ്ത്രീയുടെ കറുത്ത സാരിയുടെ താഴെ... അവള്‍ക്ക് കാലുകളില്ലാ.... അവള്‍ നില്‍ക്കുന്നത് വായുവിലാണ്. അയാളുടെ നെഞ്ചിലൊരു കൊള്ളിയാന്‍ മിന്നി. അയാള്‍ രണ്ടു രുപാ ഉപേക്ഷിച്ച് ഓട്ടോയുടെ ഗിയര്‍ തിരിച്ചു. പരമാവധി സ്പീഡില്‍ ഓട്ടോ പറന്നു....!! സ്വന്തം നെഞ്ചിടിപ്പ് അയാള്‍ക്ക് കാതുകളില്‍ മുഴങ്ങി കേള്‍ക്കാമായിരുന്നു.

ഇടക്ക് “മുള്ളുണ്ടെ“ത്തുന്നതിനു തൊട്ട് മുന്‍പൊരിടത്ത് പുറകിലിരുന്ന യാത്രക്കാരന്‍ അയാളുടെ പുറത്ത് തോണ്ടി...: “ബസ് യഹീ ചോഡ് ദോ..” (മതി, ഇവിടെ വിട്ടേര്..). യാത്രക്കാരന്‍ ഓട്ടോക്കുള്ളില്‍ ഇരുന്ന് പണം കൊടുക്കുന്നതിനിടയില്‍ ആ രഹസ്യം അയാള്‍ യാത്രക്കാരനോട് പറഞ്ഞു...: “സാബ്, ഏക് ബാത് കഹൂം...!! വൊ ജോ ലഡ്കി അപ്നേ ഓട്ടോ മേ ധാ നാ..., ജബ് പൈസാ നീച്ചേ ഗിരാ, തബ് മൈനേ ദേഘാ..., ഉസ് ലഡ്കി കോ പൈര്‍ നഹീ ധാ...!! വോ ഹവാ മെ ഘഡി ധി...!!!” യാത്രക്കാരന്‍ കൂസലില്ലാതെ കേട്ടുകൊണ്ട് ഓട്ടോയില്‍ നിന്നും ഇറങ്ങിയതിനു ശേഷം ഇങ്ങനെ മറുപടി പറഞ്ഞു...: “ആപ് കാ മദ്‌ലബ് ഹേ കി, വോ ലഡ്കി കാ പൈര്‍ ഭി മേരാ ജൈസാ ഗായബ് ധാ...?” (നിങ്ങള്‍ പറയുന്നതനുസരിച്ച് ആ പെണ്ണിന്റെ കാലും എന്റേതു പോലെ അദൃശ്യമായിരുന്നു എന്നാണോ...?) യാത്രകാരനായിരുന്ന ആള്‍ തന്റെ പാന്റ് ഉയര്‍ത്തിക്കാട്ടി. അയാള്‍ക്കുമില്ലായിരുന്നു പാദങ്ങള്‍...!! അയാള്‍ക്ക് -ഓട്ടോക്കാരന്‍ - പിന്നെ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ലാ.... ഡ്രൈവിങ്ങ് സീറ്റില്‍ ഇരുന്നയാള്‍ ബോദരഹിതനായി മറിഞ്ഞു വീണു.

പിറ്റേന്ന് അയാള്‍ കണ്ണ് തുറക്കുമ്പോള്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ആയിരുന്നു. അയാള്‍ പറഞ്ഞ കഥ ആര്‍ക്കും മനസിലായില്ലാ. ആരും വിശ്വസിച്ചതുമില്ലാ...!! എന്നാലും ഈ കഥ കേട്ടവരുടെയെല്ലാം മനസില്‍ ഒരു ഭയം ജനനമെടുത്തിരുന്നു.

മുകളില്‍ പറഞ്ഞത്, ഒരു അനുഭവം പറയുന്നതിനു മുന്‍പാവശ്യമായ കാലഘട്ട വിവരണം മാത്രം. ആ കഥ സത്യമോ മിഥ്യയോ എന്ന് എനിക്കുമറിയില്ലാ. എന്നാലും ഈസ്റ്റേര്‍ണ്‍ എക്സ്പ്രസ് ഹൈവേയിലൂടെ തനിയെ യാത്ര ചെയാന്‍ എന്നും ഒരു വല്ലാത്ത ഭയപ്പാട് എനിക്ക് തോന്നിയിരുന്നു...!!! അങ്ങനെ ഇരിക്കെ ഒരു നാള്‍...!!!

പള്ളി വക ഒരു മാഗസിന്‍ ഇറക്കുന്നു. ഞാനും ജോസഫ് ചേട്ടനുമാണ് മെയിന്‍ റോളില്‍ മാഗസിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്. മെയിന്‍ പേജുകളുടെ എല്ലാം ഡിസൈന്‍ ഞാന്‍ ചെയ്തു. പിന്നെ ബാക്കി പേജുകളുടെ ലേയൌട്ടും, പ്രിന്റിംഗും ചെയ്യുന്നത് ചെമ്പൂറിലെ അല്‍‌ഫോന്‍സോ പ്രിന്റേഴ്സിലും. ഞായറാഴിച്ച മാഗസിന്റെ പ്രകാശനമാണ്. അതിനു മുന്നുള്ള വെള്ളിയാഴിച്ചയെന്ന പ്രേതങ്ങളുടെ വിഹാരദിനത്തില്‍... ഞാനും ജോസഫ് ചേട്ടനും ഏതാണ്ട് 12.20 വരെ പ്രസ്സില്‍ കഴിച്ചു കൂട്ടി.... പ്രൂഫ് നോക്കിയും കറക്ഷന്‍ ചെയ്തും. ജോസഫ് ചേട്ടന് ബൈക്കുള്ളതിനാല്‍ തിരിച്ചു പോകാന്‍ ബുദ്ധിമുട്ടുണ്ടാവില്ലാ എന്ന ധൈര്യവും ഉണ്ടായിരുന്നു.

12.20 നു ഞങ്ങള്‍ പുറത്തിറങ്ങി... വണ്ടിയില്‍ ഞങ്ങള്‍ യാത്ര ആരംഭിച്ചു. സായണില്‍ ഞങ്ങള്‍ ഹൈവേയില്‍ കയറിയപ്പോഴേക്കും സമയം പന്ത്രണ്ടരയോളമായി. ഇനി ഹൈവേയിലൂടേ അടിച്ച് മിന്നിച്ച് പോയാല്‍ മതി. മിനിട്ടു വച്ച് വീടു പറ്റാം. ഇടക്കെപ്പോഴോ കടന്നു പോയ ഓട്ടോയില്‍ ഇരുന്ന സുന്ന്ദരിയേ കണ്ട്പ്പോള്‍ എന്റെ മനസില്‍ പഴയ ഓട്ടോക്കാരന്റെ കഥ ഒരു ഭയമായി രൂപം കൊണ്ടു. ബൈക്ക് ഓടിക്കുന്ന ജോസഫ് ചേട്ടന്റെ സൈഡിലൂടെ ഞാന്‍ മുന്നിലെ റോഡില്‍ അതിവിദൂരത വരെ നോട്ടം എത്തിച്ചു കൊണ്ടിരുന്നു. എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് മനസ് പറയുന്നു. ഒരു വല്ലാത്ത ഭയം മനസിനെ കാര്‍ന്ന് തിന്നുന്നു. ജോസഫ് ചേട്ടനോട് കാര്യം പറയാനും വയ്യ...!!!

“ഘാട്കോപറി”നു തിരിയുന്ന റോഡിനു കുറുകെ ഹൈവേ ഓവര്‍ ബ്രിഡ്ജായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ബൈക്ക് ഓവര്‍ ബ്രിഡ്ജിലൂടെ ഇരച്ച് കയറി. ബ്രിഡ്ജിന്റെ ഒത്ത നടുവില്‍, മുകള്‍ ഭാഗത്തെത്തിയപ്പോള്‍ ഞാന്‍ പതിവു നോട്ടം നടത്തി...!! വല്ലാത്തൊരു നടുക്കം ഞാനറിഞ്ഞു.... സത്യം..!! അതാ ബ്രിഡ്ജ് അവസാനിക്കുന്നിടത്ത് വെളുത്ത സാരി ഉടുത്ത ഒരു സ്ത്രീ, മുന്നില്‍ പോകുന്ന ഓട്ടോക്ക് കൈ കാട്ടുന്നു...! അയാള്‍ ഓട്ടോ നിറുത്തുന്നു... ബ്രിഡ്ജിനു വശത്തേക്കാ ഓട്ടോ തിരിഞ്ഞു... പിന്നെ കാണാന്‍ കഴിയുന്നില്ലാ...!! ജോസഫ് ചേട്ടനിലും ഒരു പേടി തോന്നി എന്നുറപ്പ്. അദ്ദേഹം ബൈക്ക് പതുക്കെയാക്കി. ഓട്ടോ കാ‍ണാനില്ലാ.... എന്നാല്‍ അതാ ആ സ്ത്രീ വീണ്ടും അതേ സ്ഥലത്ത് വീണ്ടും വന്ന് നില്‍ക്കുന്നു...!!! അവളുടെ അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ബൈക്കിനവള്‍ കൈ കാട്ടുന്നു...!! എന്നെ വിയര്‍ക്കുന്നത് ഞാനറിഞ്ഞു...!!! ജോസഫ് ചേട്ടന്‍ രണ്ടും കല്പിച്ച് ബൈക്ക് ഇരപ്പിച്ചു.. പിന്നെ വല്ലാത്തൊരു കുലുക്കത്തോടെ ബൈക്ക് ഇരമ്പിപ്പാഞ്ഞു... അ വെള്ള സാരിയുടുത്ത സ്ത്രീരൂപത്തിനടുത്തു കൂടീ...!!! ആ സ്ത്രീയെ കടന്ന് പോകുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കാന്‍ മനസാഗ്രഹിച്ചു... പേടി എതിര്‍ത്തു...!!! എന്നാലും രണ്ടും കല്പിച്ച് ഞാന്‍ തിരിഞ്ഞു നോക്കി.

അതാ ആ സ്ത്രീ പുറകേ വന്ന ട്രക്കിനു കൈ കാട്ടുന്നു...!! അവളുടെ സൈഡില്‍ ബ്രിഡ്ജിന്റെ ഭിത്തിക്ക് മറഞ്ഞ് അവളെ പോലെ മറ്റ് മൂന്ന് - നാല് പേര്‍ കൂടി...!!! എനിക്കെല്ലാം മനസിലായി..!!! ഒപ്പം ജോസഫ് ചേട്ടന്‍റെ‍ ഡയലോഗും വന്നു....: “ഉങ്ഹും....! രാത്രിയില്‍ ശരീരം വില്‍ക്കാന്‍ നില്‍ക്കുന്നവര്‍...!!” “ഹൈവേ യക്ഷികള്‍” എന്ന് ഞാനും കൂട്ടിച്ചേര്‍ത്തു...!!!

Thursday, September 6, 2007

മനുഷ്യനെ കൊല്ലുന്ന പ്രേതങ്ങള്‍....

ആരോ പറഞ്ഞ് കേട്ടത്.... മസാല ചേര്‍ത്ത്...

കുന്നുകളും മലകളും പച്ചപ്പുല്‍മേടുകളും കാടും മേടും ഒക്കെയുള്ള പ്രകൃതിരമണീയമായ ഞങ്ങളുടെ നാട്. പ്രകൃതി... അതെങ്ങനെയായാലും... പ്രേതങ്ങള്‍ക്കെന്തിരിക്കുന്നു...!!!?? എന്തായാലും ഇങ്ങനെയുള്ള ഞങ്ങളുടെ നാട്ടിലെ ഒരു കാട്ടു പ്രദേശം. വല്ലപ്പോഴും മാത്രം മനുഷ്യനെ കാണാന്‍ കഴിയുന്ന നാടിന്റെ മൂല. അവിടെ സ്ഥിരമായി പോകാറുള്ളത് ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന കള്ള് ചെത്തുകാരന്‍ കുട്ടപ്പന്‍ മാത്രം. കാരണം അവിടെ കുറെ പനകള്‍ ഉണ്ട്... ചെത്താന്‍. നാട്ടിലെ അറിയപ്പെടുന്ന ഒരു ധൈര്യശാലിയാണ് ഈ പറയുന്ന കുട്ടപ്പന്‍. അതുകൊണ്ട് തന്നെയാണ് അദ്ദേഹം മാത്രം കാടിനോട് സമമായ ആ പ്രദേശത്ത് പോയി യക്ഷിപ്പനകള്‍ പോലെ നില്‍ക്കുന്ന ആ പനകള്‍ക്ക് മുകളില്‍ കയറി കള്ളെടുക്കാന്‍ തുനിയുന്നതും. അവിടുത്തെ കള്ളിന് പ്രത്യേക ഒരു സുഖമാണ് എന്ന് നാട്ടുകാരുടെ സര്‍ട്ടിഫിക്കേറ്റും ഉള്ളതാണ്. എന്നാല്‍ ഒരു നാള്‍....!!!

ഒരു വൈകുന്നേരമാണ് ജനം അറിയുന്നത്... കുട്ടപ്പന്‍ ആ കാട്ട് പ്രദേശത്ത് ഒരു പനക്ക് ചുവട്ടില്‍ മരിച്ചു കിടക്കുന്നു. ജനം അങ്ങോട്ട് ഓടിയടുത്തു...! ഒന്ന് പോയി ചത്തു കിടക്കുന്ന കുട്ടപ്പനെ കാണാന്‍ ആഗ്രഹിച്ച പലരേയും പ്രായമായവര്‍ തടഞ്ഞു... കാരണം സമയം... 7 മണി കഴിഞ്ഞിരിക്കുന്നു... ഇനി ആ ഭാഗത്തേക്ക് പോകുക അത്ര നല്ലതല്ലാത്രേ...! എന്നാലും ചിലെരെങ്കിലും പോയി കണ്ടു....! ആരോ ഒരു പഴയ തുണി കൊണ്ടുവന്ന് കുട്ടപ്പന്റെ ശവം മൂടി ഇട്ടു. അത് ഭയാനകമായ ഒരു കാഴ്ച്ചയായി കണ്ടവര്‍ പറഞ്ഞു. രാത്രി വൈകിയതിനാല്‍ പോലീസില്‍ അറിയിച്ചെങ്കിലും, ഇനി നാളെ എത്താമെന്നായിരുന്നു മറുപടി. കുട്ടപന്റെ വീട്ടുകാര്‍... അത് ആര്‍ക്കുമറിയില്ലാത്ത മറ്റൊരു കഥയാണ്...!! കുട്ടപ്പന് സ്വന്തമായി ആരുമില്ലാ എന്ന് പറയപ്പെടുന്നു. എന്തായാലും അന്ന് അങ്ങനെ കുട്ടപ്പന്റെ ശവം ആ പനക്ക് കീഴെ ആരും കൂട്ടില്ലാതെ കിടന്നു. കുട്ടപ്പന്റെ അനാഥശവം കാണാന്‍ പോയവരില്‍ കൂട്ടുകാരായ അവരും ഉണ്ടായിരുന്നു....! അവര്‍ മൂന്ന് പേര്‍... റിജോ, വിനു, കണ്ണന്‍...!!

റിജോയും വിനുവും അടുത്തടുത്താണ് താമസിക്കുന്നത്. കണ്ണന്‍ ഇത്തിരി ദൂരെയും. ഇനി ഞാ‍ന്‍ സ്വയം കണ്ണനായി കഥ തുടരാം.

കുട്ടപ്പന്റെ ശവം കണ്ട് തിരിച്ചു മടങ്ങുമ്പോള്‍ സമയം ഏതാണ്ട് 9 ആവുന്നു. തിരിച്ചു നടക്കുമ്പോള്‍ ഞങ്ങള്‍ക്ക് പറയാന്‍ പലതുമുണ്ടായിരുന്നു. ആ കാട്ടിനുള്ളില്‍... ആ പനകളില്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന യക്ഷിയേക്കുറിച്ച്...! കുട്ടപ്പന് അവയുമായി ഉണ്ടായിരുന്ന എന്തോ ഒരു ദുര്‍മന്ത്രവാദപരമായ ബന്ധത്തെക്കുറിച്ച്...!! പണ്ടേങ്ങോ പലരും രാത്രി ആ വഴി വരാന്‍ ശ്രമിച്ച്... അവസാനം ശവമായി തിരിച്ചെത്തിക്കെണ്ടി വന്നതിനേക്കൂറിച്ച്....!! പലതും വിനുവിന്റെ മുത്തച്ചന്‍ പറഞ്ഞ് കേട്ടതും... അദ്ദേഹത്തിന് അറിയാവുന്നതുമായ കാര്യങ്ങളാണ്. എല്ലാം ഞാനും റിജോയും മൂളികേട്ടു. എനിക്കത്ര പ്രേതത്തിലും പിശാചിലും ഒന്നും വിശ്വാസമില്ലാത്തതിനാല്‍ തന്നെ ഞാനെല്ലം ഒരു തമാശയായി കേട്ട് നടന്നു. എന്നും നടുന്നു പോകാറുള്ള സ്ഥലമാണേങ്കിലും റിജോക്ക് സ്വല്പം പേടി തോന്നുന്നുണ്ട് എന്നെനിക്ക് ഊഹിക്കാമായിരുന്നു. ഇടക്ക് വച്ച് റിജോയും വിനുവും അവരുടെ വീടെത്തിയതിനാല്‍ പിരിയാന്‍ യാത്ര പറയും മുന്‍പ്... കുറച്ച് സമയം കൂടി ഞങ്ങള്‍ അവരുടെ വീട്ടിലേക്ക് പോകുന്ന കോളനി റോഡില്‍ നിന്ന് സംസാരിച്ചു.

വിനു: “രാത്രിയില്‍ ആരാ അല്ലെങ്കില്‍ തന്നെ ആ ശവത്തിന് കാവല്‍ നില്‍ക്കുക... അതുകൊണ്ടല്ലേ പേടിത്തൊണ്ടന്മാര്‍ പോലീസ് പോലും രാവിലെ എത്താമെന്ന് പറഞ്ഞത്...!!!“
ഞാന്‍: “അത് ശരിയാ...!! അല്ലെങ്കിലും ഈ പോലീസ്കാരെല്ലാം തന്നെ പേടിതൊണ്ടന്മാരാന്നേ...!!“
റിജോ: “അല്ലെങ്കിലും അത്രക്ക് ധൈര്യം ഉള്ളവര്‍ പോലീസിലെന്നല്ല.. ഈ നമ്മുടെ നാ‍ട്ടില്‍ തന്നെ ഇല്ലാ...!! പിന്നെ പോലീസ്കാര്.... അവരും മനുഷ്യരല്ലേ... പിന്നെ പേടി കാണില്ലേ...!!!“
വിനു: “ഇന്നാട്ടില്‍ ആ കാടിന്റെ ഭാഗത്തേക്ക് ഏതു നേരത്തും ധൈര്യമായി പോയിരുന്നത് കുട്ടപ്പന്‍ മാത്രമായിരുന്നു... ഇനിയിപ്പോള്‍ അതും തീര്‍ന്നു...!!! “
റിജോ: “അങ്ങനെ വിനൂന്റെ മുത്തച്ചന് പറയാന്‍ ഇനി ഒരു കഥ കൂടി ആയി...!!! എന്തായാലും ഒന്ന് മനസിലായി... വിനൂന്റെ മുത്തച്ചന്‍ പറയുന്നതൊക്കെ ശരിയാരുന്നു.. അല്ലേ..!!“
ഞാന്‍: “ഹോ... എനിക്കത്ര ഇതിലൊന്നും വിശ്വാസമില്ലാ...!! ഇതെല്ലാം ഓരോ നിമിത്തം മാത്രമാ...!! കുട്ടപ്പന്‍ പനേന്ന് വീണു.. മരിച്ചു... അതിനിപ്പോ എന്തോന്ന് യക്ഷി പ്രേതം ബന്ധം...!!!??? എനിക്ക് വിനൂന്റെ മുത്തച്ചന്‍ പറയുന്നത് വേറുതേ ഓരോ തമാശയായിട്ടെ ഇതുവരെ തോന്നിയിട്ടുള്ളൂ.“
വിനുവിനത് അത്ര പിടിച്ചില്ലാ.. എന്നാലും ഒന്നും പറഞ്ഞില്ലാ...!
റിജോ: “പിന്നെ..., എന്നൊന്നും പറയേണ്ടാ...!! എന്റെ അച്ചനും പറഞ്ഞ് കേട്ടിട്ടുണ്ട്...!!! പ്രേതത്തേ ക്കുറിച്ചൊക്കെ..”
ഞാന്‍: “എല്ലാവരും പറഞ്ഞ് കേട്ടിട്ടുണ്ട്... എന്നാല്‍ സത്യത്തില്‍ ഇവയൊക്കെ കണ്ടിട്ടുള്ളവര്‍ ആരുമില്ലാ താനും...!!”
വിനു: “ഓഹോ... കണ്ണാ..., അപ്പോ നീ പറഞ്ഞു വരുന്നത്.. എന്റ് മുത്തച്ചന്‍ വെറുതേ പുളുവടിക്കുവാന്നാ...!!? എന്നാല്‍ ഞാനൊരു കാര്യം ചോദിക്കട്ടെ...!!!? ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് നിനക്ക് തന്നെ ആ കുട്ടപ്പന്‍ ചത്ത് കിടക്കുന്നിടത്ത് പോകാന്‍ പറ്റുവോ...!!?”
ഞാന്‍: “അതിനെന്താ... ഞാന്‍ പോകാല്ലോ...!! നീ എന്തു തരും പോയി വന്നാല്‍...!!?”
റിജോ: “എങ്ങനെ അറിയും നീ പോയീന്ന്...!!?”
വിനു: “ഒരു ഐഡിയ ഉണ്ട്... ഞങ്ങള്‍ ഒരു റോസാപൂ തന്നു വിടുന്നു. നീയത് കൊണ്ടു പോയി കുട്ടപ്പന്റെ നെഞ്ചത്ത് വയ്ക്കണം...”
ഞാന്‍: “ഓകെ... ഞാന്‍ സമ്മതിച്ചു...!! പക്ഷെ എന്താണ് പ്രതിഫലം ലഭിക്കുക..!!? നമുക്ക് ഒരു ബെറ്റായിട്ട് വെക്കാം..!”
റിജോ: “അതു ശരിയാ...!! എന്നാലങ്ങനെ... ബെറ്റ് വയ്ക്കം. 1000 രൂപക്ക്...!!”
വിനു: “ഞാന്‍ സമ്മതിച്ചു... 100 രൂപ ബെറ്റ്... അഥവാ നിനക്കതിനു കഴിഞ്ഞില്ലെങ്കില്‍ 1000 രൂപ നീ ഞങ്ങള്‍ക്ക് തരേണ്ടി വരും.. നീ പോയി പൂ വച്ച് വന്നാല്‍ 1000 രൂപ ഞങ്ങള്‍ നിനക്ക് തരും.”
ഞാന്‍: “സമ്മതിച്ചു... അപ്പോ ഒരു കാര്യം ചെയ്യാം... രാത്രി 11 മണിക്ക് നമുക്ക് ഇവിടെ കാണാം...! നിങ്ങള്‍ പൂവും കാശുമായി പോരെ...!!”
റിജോ: “സമ്മതിച്ചു”
വിനൂന്റെ വീട് അവിടെ നിന്നാല്‍ കാണാം. വിനൂന്റെ വീട്ടില്‍ ആരൊക്കെയോ വന്നിട്ടുണ്ടെന്ന് കാണാന്‍ പറ്റും. വിനു അത് പറയുകയും ചെയ്തു “പണ്ടാരം.. വീട്ടില്‍ ആരൊക്കെയോ വന്നിട്ടുണ്ടെന്നാ തോന്നുന്നത്...!! ഇനി ഇന്ന് രാത്രി മുഴുവന്‍ മുത്തച്ചന്റെ കത്തി കേള്‍ക്കണം... എല്ലാം കേട്ട കഥ തന്നെയാവും...” അങ്ങനെ പറഞ്ഞ്... ഞങ്ങള്‍ പിരിഞ്ഞു. റിജോയും വിനുവും ഒന്നിച്ച് കോളനിയിലേക്ക് നടന്നു. ഞാന്‍ കുറച്ചകലെ എന്റെ വീട്ടിലെക്കും. പേടി തെല്ലു പോലും എന്റെ മനസില്‍ തോന്നിയില്ലാ...!!!

രാത്രി പതിനൊന്ന് മണി. ഞാന്‍ കോളനി റോഡില്‍ എത്തി കാത്തു നിന്നു...! കൂറച്ച് സമയങ്ങള്‍ക്ക് ശേഷം റിജോ വന്നു.. അവന്റെ കയില്‍ ഒരു പൂവുമുണ്ടായിരുന്നു... ഒരു ചുവന്ന റോസാപൂവ്...!! അതു കണ്ട നിമിഷം എന്റെ മനസില്‍ ഒരു പേടി.. ഒരു ഭയം അരിച്ചിറങ്ങിയതായി എനിക്ക് തോന്നി. “അല്ല വിനു എന്തിയ്യെ...?!” ഞാന്‍ ചോദിച്ച് തീരും മുന്നേ റിജോ പറഞ്ഞു... “അവന്റെ മുത്തച്ചന് സുഖമില്ലാഞ്ഞിട്ട് അവനവന്റെ അമ്മാവന്റെ കൂടേ ഡോക്ടറുടെ അടുത്തു പോയതാ...! അവന്റെ അമ്മാവനും മറ്റും വന്നിട്ടുണ്ട്..!” ഞാന്‍: “എന്നാല്‍ നമുക്ക് അവന്റെ മുത്തച്ചനെ കണ്ടിട്ട് പോയാലോ...” റിജോ: “വേണേല്‍.. കണ്ടിട്ടു പോകാം... എന്നാലും അപ്പോഴേക്കും 12 മണി കഴിഞ്ഞു പോയാലോ...!!??” ഞാന്‍: “എന്നാല്‍ പിന്നെ വന്നിട്ട് പോയി കാണാം...!! നീയിവിടെ നിന്നോ... അല്ലേല്‍ വീട്ടില്‍ പോയി ഇരുന്നോ... ഞാന്‍ എത്തിയേക്കാം...!!” റിജോ: “ങ്ഹാ... അപ്പോഴേക്കും വിനു വരും ഞങ്ങള്‍ ഇവിടെ തന്നെ കണ്ടേക്കാം....!!! അല്ലാ നീ തിരിച്ചെത്തുമല്ലോ അല്ലേ...” ആ ചോദ്യം എന്നെ ചെറുതായി ഒന്നു കൂടി ഭയപ്പെടുത്തി. ഞങ്ങള്‍ യാത്ര പറഞ്ഞ് ഞാന്‍ പുറം തിരിഞ്ഞ് നടന്നു..!! എവിടെയോ ഭയം എന്നെ കാര്‍ന്നു തിന്നുന്നത് എന്റെ ഉള്‍ബോദ മനസ് അറിയുന്നുണ്ടായിരുന്നു.

കാടിനോട് അടുക്കും തോറും.. തണുപ്പുള്ള ആ രാത്രിയിലും എന്നെ ശരീരമാകെ വിയര്‍ത്തൊലിക്കുന്നത് ഞാനറിഞ്ഞു. കയിലിരുന്ന റോസാപ്പൂ ഇളകുന്നതിന്റെ കാരണം എന്നെ വിറക്കുന്നതാണെന്നും എനിക്ക് മനസിലായി...!! എന്റെ നടപ്പ് സ്പീഡിലായി. തിരിഞ്ഞു നോക്കാന്‍ പോലും ഞാന്‍ ഭയന്നു. എന്ത്രയും വേഗം കുട്ടപ്പന്‍ കിടക്കുന്നിടത്തെത്തണം പൂ അയാളുടെ ശരീരത്തില്‍ വച്ച് തിരിഞ്ഞോടണം...!! എല്ലാം മനസില്‍ കരുതി വച്ചു. ഇത്തിരി നിലാവുള്ളതിനാല്‍ വഴി കാണാം. നിലാവിന്റെ വെളിച്ചത്തില്‍ അവിടേയും ഇവിടേയും എന്തൊക്കെയോ നില്‍ക്കുന്നതു പോലെ എനിക്ക് തോന്നി...! എന്തൊക്കെയോ, ആരൊക്കെയോ നിഴലുകളുടെ രൂപത്തില്‍ തന്നെ പിന്തുടരുകയാണ്..!!!

അങ്ങനെ... പേടിയുടെ കൂട്ട് പിടിച്ച് ഞാന്‍ കുട്ടപ്പന്റെ ശവത്തിനരികില്‍ എത്തി. കടവാവലുകള്‍ എവിടെയോ പറന്നു പോകുന്ന സ്വരം ഞാന്‍ കേട്ടു. ദൂരെ ഒരു മരത്തില്‍ ഒരു മൂങ്ങ ഇരിക്കുന്നത് എനിക്ക് കാണാമായിരുന്നു...!! ആ തുറിച്ച കണ്ണുകളില്‍ ഞാനാണെന്ന് ഞാനറിഞ്ഞു...!! ഇനി സമയം ഇല്ലാ.... കാല്‍ക്കീഴില്‍ കിടക്കുന്ന കുട്ടപ്പന്റെ ശരീരത്തില്‍ ആ ചുവന്ന് റോസാപ്പൂ വയ്ക്കാനായി ഞാന്‍ കുനിഞ്ഞു... പെട്ടന്ന്....!! കുട്ടപ്പന്റെ ശരീരത്തില്‍ നിന്നും രണ്ട് കൈകള്‍ വല്ലാത്ത ഒരു അലര്‍ച്ചയോടെ ഉയര്‍ന്ന് വന്ന് എന്നെ പിടിച്ചു...!!! എന്റെ ഹൃദയം അവിടെ നിലച്ചു....!! എന്റെ ആത്മാവ് എന്റെ ശരീരം വിട്ട് പറന്നു പോയി....!!! കണ്ണന്‍ എന്ന ഞാന്‍ മരണത്തിനു കീഴടങ്ങി.


ഇനി ഞാന്‍ കണ്ണനില്‍ നിന്നു മാറി നിന്ന് ബാക്കി കഥ കൂടി പറയാം.

പെട്ടന്ന് തന്നെ കുട്ടപ്പനായി അഭിനയിച്ച് അവിടെ കിടന്നിരുന്ന വിനു ചാടി എഴുന്നേറ്റ് കണ്ണനെ കുലുക്കി വിളിച്ചു... “കണ്ണാ... ഏടാ കണ്ണാ... ഇതു ഞാനാടാ.... എടാ കണ്ണ് തുറക്കെടാ...!!! നിനക്കിതെന്തു പറ്റീ...??” പെട്ടന്ന് അങ്ങോട്ടേക്ക് ഓടി വന്ന റിജോയും വിനുവിന്റെ അമ്മാവനും... ഒന്ന് നടുങ്ങി... പിന്നെ അവരും കൂടി ശ്രമിച്ചു... കണ്ണന്റെ എന്നെന്നേക്കുമായി അടഞ്ഞു പോയ കണ്ണ് തുറപ്പിക്കാന്‍...!!! ഇല്ലാ... ഇനി അവന്‍ ഉണരില്ലാ... അവര്‍ അറിഞ്ഞു...!!! റിജോയുടെ കയ്യിലിരുന്ന് 1000 രൂപ വിറ കൊണ്ടു...!!!

പിറ്റേന്ന് രാവിലെ എത്തിയ പോലീസിനും നാട്ടുകാര്‍ക്കുമായി കാത്തിരുന്നത് ഒരു വേറിട്ട കാഴ്ച്ചയായിരുന്നു...!!! കുട്ടപ്പന്റെ ശവം കിടന്നിരുന്നിടത്ത് കോളനിക്കപ്പുറത്ത് താമസിച്ചിരുന്ന കണ്ണന്റെ ശവം....!!!! 10 അടി മാറി... പനക്ക് മറവില്‍ കുട്ടപ്പന്റേയും....!!! നാട്ടുകാര്‍ തമ്മില്‍ തമ്മില്‍ എന്തൊക്കെയോ അടക്കം പറഞ്ഞു... അങ്ങനെ മറ്റൊരു പ്രേതകഥയുടെ ജനനമായി അവിടെ...!! ആ ആള്‍ക്കൂട്ടത്തില്‍ അവരുമുണ്ടായിരുന്നു... കണ്ണനെ കൊന്ന പ്രേതങ്ങള്‍ ജീവനോടേ...!!!

Thursday, August 30, 2007

ശവക്കോട്ടയില്‍ നിന്നും...

മദ്ധ്യപ്രദേശിലെ, ബിലാസ്പൂര്‍ എന്ന നഗരം. നഗരത്തിന്റെ ഒരു കോണില്‍ ഉള്ളിലേക്ക് കയറി ഒരു വലിയ ഗേറ്റ്... ബിലാസ്പൂറിലെ ക്രിസ്റ്റ്യന്‍ പള്ളിയുടെ ശവക്കോട്ട സ്ഥിതി ചെയ്യുന്നതവിടെയാണ്. അതായത്... പള്ളി റയില്‍‌വേ കോളനിയിലാണ്. അവിടെ ശവക്കോട്ട കെട്ടാനുള്ള സ്കോപ്പില്ലാഞ്ഞിട്ടാവണം ശവക്കോട്ട മറ്റൊരിടത്താക്കിയത്. ശവക്കോട്ടക്ക് ചുറ്റും പലയിടങ്ങളിലായി പലരും താമസിക്കുന്നുണ്ട്. 2-3 ഏക്കറോളം പടര്‍ന്നു കിടക്കുന്ന ശവക്കോട്ടക്ക് ഒരു നോട്ടക്കാരനുണ്ട്... പൌലോസ് എന്നു വിളിക്കാം നമുക്കയാളെ..!! ശവക്കോട്ടയുടെ ഗേറ്റിനുള്ളില്‍ - ഗേറ്റിനോട് ചേര്‍ന്ന് - ഒരു നീണ്ട ഓടിട്ട വീട്.. നാലു മുറികള്‍ ഉള്ള ഒരു വീട്. അവിടെയാണ് പൌലോസും കുടുംബവും ജീവിക്കുന്നത്.. ശവക്കോട്ടക്കുള്ളില്‍ ജീവിക്കുന്നവര്‍ എന്നതു കൊണ്ട് തന്നെ... പലര്‍ക്കും അവര്‍ ഒരു അത്ഭുതമാണ്...!!! പൌലോസ് ഒരു ഒത്ത മനുഷ്യനാണ്... രാത്രിയില്‍ കണ്ടാല്‍ ചിലപ്പോ പേടിച്ചെന്നും വരാം... അങ്ങനെ ഒരു പ്രകൃതമെന്ന് പറയാം. പൌലോസ് ചേട്ടന്റെ മൂത്ത മകന്‍ (രണ്ട് ആണ്‍കുട്ടികളുണ്ടയാള്‍ക്ക്) ഒരു പിക്നിക്കില്‍ വച്ച് വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു എന്നത് ഒരു അവരുടെ ഏറ്റവും വലിയ ഒരു ദു:ഖവുമായിരുന്നു..., എന്നു കൂടി ഇവിടെ കുറിക്കട്ടെ..!!!

* * * * * *

1996, എന്റെ ചേട്ടന് ബിലാസ്പൂറില്‍ നിന്നും ഡോങ്ങര്‍ഗഡ് എന്ന സ്ഥലത്തേക്ക് ട്രാന്‍സ്ഫറായി. എന്റെ പഠനം വീണ്ടും വഴി മുട്ടുമെന്നത് ഒരു വശത്ത്... മറുവശത്ത് ഞാന്‍ ഒഴിവു സമയങ്ങളില്‍ പഠിച്ചുകൊണ്ടിരുന്ന സ്ക്രീന്‍ പ്രിന്റിംഗും അവസാനിപ്പിക്കേണ്ടി വരും. അതുമല്ല..., അന്ന് ഞങ്ങളോടൊപ്പം എന്റെ കസിന്‍ (അമ്മയുടെ ആങ്ങളയുടെ മകന്‍ - എന്നെക്കാള്‍ ഒരു വയസു മൂത്തത്) താമസിക്കുന്നുണ്ടായിരുന്നു. അവന്‍ അവിടെ ഒരു വേയിംഗ് മെഷീന്‍ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. അങ്ങനെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പള്ളിയിലെ ഒരു മലയാളി അച്ചന്‍ പറയുന്നത്... പൌലോസ് ചേട്ടന്‍ താമസിക്കുന്ന സ്ഥലത്ത് ഒരു മുറിയും ചെറിയ ഒരു അടുക്കളയും വെറുതേ കിടപ്പുണ്ട് എന്ന്. വേണമെങ്കില്‍ അവിടുത്തെ വികാരിയച്ചനോട് സംസാരിച്ച് അത് തരപ്പെടുത്തി തരാം എന്ന്...!!!

ഞങ്ങള്‍ ഒരുപാട് ചിന്തിച്ചു... അവസാനം സ്ഥലം ഒന്ന് പോയി കാണാന്‍ തീരുമാനിച്ചു. അങ്ങനെ ഞാനും കസിന്‍ ജോബിയും കൂടി ശവക്കോട്ട റൂമില്‍ ചെന്നു. പൌലോസ് ചേട്ടന്‍ ഞങ്ങളെ റൂം തുറന്ന് കാണിച്ചു. ഒരു ചെറിയ റൂം, അതിന്റെ പകുതി മുഴുപ്പുള്ള ഒരു അടുക്കള. അടുക്കളയില്‍ ഒരു ജനല്‍, അത് തുറക്കുന്നത് ശവക്കോട്ടയിലേക്കാണ്. ഓടിട്ടതിനു താഴെ കറുത്ത ബ്ലാസ്റ്റിക്ക് ഷീറ്റ് അടിച്ച തട്ട്. ഇനി വെള്ളം..., കുടിക്കാനുള്ളത് പൈപ്പില്‍ വരും... ബാക്കി ആവശ്യങ്ങള്‍ക്കുള്ളതോ...!!! ശവക്കോട്ടക്ക് ഒത്ത നടുവില്‍ ഒരു കുഴല്‍ക്കിണര്‍... അതിനോട് ചേര്‍ന്ന് ഒരു കുളിമുറിയും...!! കുളിക്കണമെങ്കില്‍ അവിടെ പോകണം. താമസിക്കേണ്ട റൂമിന്റെ പുറകില്‍ നിന്നു തന്നെ കല്ലറകള്‍ ആരംഭിച്ചിട്ടുണ്ട്. അടുക്കളയില്‍ നിന്നും ഒഴിക്കുന്ന വെയിസ്റ്റ് വെള്ളം ചെന്നു വീഴുന്നത് തന്നെ ഒരു കല്ലറയുടെ തലക്കലാണ്. അപ്പോള്‍ മനസിലാവുമല്ലോ... റുമും കല്ലറയും തമ്മില്‍ ഉള്ള അടുപ്പം...!!! എല്ലാം കണ്ട് ഞങ്ങള്‍ മടങ്ങി.

കാര്യമായി ആലോചിക്കാന്‍ ഞങ്ങള്‍ക്കൊന്നുമില്ലായിരുന്നു... വേണ്ടാ എന്ന് ഞങ്ങള്‍ അവിടെ വച്ച് തന്നെ തീരുമാനിച്ചിരുന്നു. ആയതിനാല്‍ ഞങ്ങള്‍ വേറെ വീട് അന്വേഷിച്ചു...! എന്തുകോണ്ടോ റൂം ഒന്നും ഒരിടത്തും ശരിയായില്ല...!! എന്തോക്കെയോ എവിടെയൊക്കെയോ പ്രശ്നങ്ങള്‍ ആരംഭിച്ചതു പോലെ തോന്നിച്ചു എല്ലാം. ചിലര്‍ തരാം എന്നൊക്കെ ആദ്യം പറഞ്ഞ് പിന്നിട് ആരോ പറഞ്ഞിട്ടെന്ന പോലെ പറ്റില്ലാ എന്ന് പറഞ്ഞു. ചിലയിടത്തെ വാടക ഞങ്ങള്‍ക്ക് താ‍ങ്ങാനാവുന്നതായിരുന്നില്ല....!!! ചേട്ടനും മറ്റും ട്രാന്‍സഫര്‍ ആവേണ്ട ദിവസം അടുത്തു...!! ഇനി ഒരു രക്ഷയുമില്ലാ...!!! ഒരിടത്തും വീട് കിട്ടിയതുമില്ലാ...!! അങ്ങനെ ഞങ്ങള്‍ അവസാനം ശവക്കോട്ടക്കുള്ളിലെ റൂമില്‍‍ താമസിക്കാന്‍ തീരുമാനിച്ചു...!!!

അവിടെ ആദ്യരാത്രി....! അടുക്കളയിലെ ജനല്‍ നന്നായി അടച്ചിട്ടുണ്ട് എന്ന് പലതവണ ഉറപ്പു വരുത്തി... ഒരു ധൈരയ്ത്തിന് അടുക്കളയിലെ ലയിറ്റ് ഓഫാക്കിയില്ലാ... ഉറങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായി..., ഞങ്ങള്‍ രണ്ടു പേരും ഒരു കട്ടിലില്‍ തമാശകള്‍ കെട്ടിച്ചമച്ച് പറഞ്ഞ് പലതവണ തിരിഞ്ഞും മറിഞ്ഞും കിടന്നു.... എന്തുകൊണ്ടോ ഉറക്കം കണ്ണുകളില്‍ ഒന്ന് എത്തിനോക്കാന്‍ പോലും മടിച്ചു നിന്നു. പിന്നെ എപ്പോഴോ രണ്ടു പേരും ഉറങ്ങിപ്പൊയി...!! എന്തോ ശബ്ദം കേട്ട് ഞാന്‍ ചാടി എഴുന്നേറ്റു... അപ്പോള്‍ അവനും ചാടി എഴുന്നേറ്റിരിന്നു...!!! റൂമിന്റെ മെല്‍ക്കുരയില്‍ കൂടി എന്തോ ഓടുന്നു... നടക്കുന്നു...!! മനസിലേ പേടി ഇത്തവണ രണ്ടു പേരും ഒളിച്ചു വച്ചില്ലാ..!! ലയിറ്റിട്ട് ഞങ്ങള്‍ മുകളിലേക്ക് നോക്ക് നിന്നു...!! ശബ്ദം നിലച്ചു...!! കുറെ സമയം ഞങ്ങള്‍ ആ നില്പ് തുടര്‍ന്നു... !! പിന്നെ പതിയെ ലയിറ്റ് ഓഫാക്കി... കിടന്നു... ഒരു നിമിഷം കഴിഞ്ഞില്ലാ... അതാ വീണ്ടും ആരോ പുരപ്പുറത്ത് ഓടുന്നു... ഇത്തവണ ഇതൊരാള്‍ അല്ല.. പലയിടത്തു നിന്നും കേള്‍ക്കാം...!! ലയിറ്റ് വീന്ടും ഓണാക്കി എങ്കിലും ശബ്ദം നിലച്ചില്ലാ... അരോ ഓടിനു മുകളിലൂടെ നടക്കുന്നുണ്ട്‌. അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയാണെന്ന് തോന്നുന്നു...!!! സമയം ഇഴഞ്ഞു നീങ്ങി. പുറത്തിറങ്ങി നോക്കാന്‍ തന്നെ തീരുമാനിച്ചു... ജോബിക്ക് ധൈര്യം ഉണ്ടായിരുന്നെന്നു പറയാം...! അങ്ങനെ ഞങ്ങള്‍ രണ്ടും കല്പിച്ച് പുറത്തിറങ്ങാന്‍ വാതില്‍ക്കല്‍ എത്തി വാതിലിന്റെ കോളുത്ത് എടുത്തതും കറണ്ട് പോയി...!!! വല്ലാത്ത രീതിയില്‍ ഭയപ്പെടാന്‍ ഇതില്‍ പരം ഒന്നും വേണ്ടായിരുന്നു....! പെട്ടന്ന് തന്നെ അവന്‍ വീണ്ടും കൊളുത്ത് ഇട്ടു...!! തമ്മില്‍ തമ്മില്‍ കയില്‍ കയില്‍ പിടിച്ച് തീപ്പെട്ടി തപ്പി പിടിച്ച് കത്തിച്ചു....!! ഇപ്പോള്‍ ആ പുരപ്പുറത്ത് നടക്കുന്ന ആ ശബ്ദം ഇല്ലാ..!! എല്ലായിടത്തും ശാന്തമാണ്.. പക്ഷെ കറണ്ടില്ലാ...!!! പെട്ടന്ന് എവിടുന്നോ ഒരു പട്ടി കുരച്ചു.. ഒന്നു കൂടി പേടിച്ചു.. വല്ലാണ്ട് പേടിച്ചു...!! സമയം നോക്കി.. നാലര കഴിഞ്ഞു. ഇനി ഉറങ്ങാനാവില്ലാ എന്ന് മനസിലാക്കി.. ഞങ്ങള്‍ മെഴുകുതിരി വെട്ടത്തില്‍ അവിടെ ഇരുന്നു.

പകല്‍ വെളിച്ചം കടന്ന് വരുന്നതറിഞ്ഞു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ചെറുതായി ഒന്നുറങ്ങി...!! എഴുന്നേറ്റപ്പോള്‍ എട്ടു മണി കഴിഞ്ഞു. ഇനി ശവക്കോട്ടക്കുള്ളില്‍ പൊയി കുളിക്കണം. രണ്ടു പേരും മാറി മാറി കയറി കുളിച്ചു. പുറത്ത് പലരും വെള്ളം പിടിക്കാന്‍ വരാറുണ്ടെന്നുള്ളത് ഒരു ധൈര്യമായിരുന്നു. കുളി കഴിഞ്ഞ് ഒരു ബകറ്റ് വെള്ളം പാത്രം കഴുകാനും മറ്റുമായി ഉപയോഗിക്കാമെന്ന് കരുതി പിടിച്ചു കൊണ്ടു വന്ന് അടുക്കളയില്‍ വച്ചു. അവിടെ ഇരുന്ന ഒരു പഴയ തെര്‍മോകാള്‍ ഷീറ്റ് എടുത്ത് വച്ച് ബക്കറ്റ് അടച്ചും വച്ച് ഞങ്ങള്‍ ജോലിക്ക് പോയി... രണ്ടു പേര്‍ക്കും സൈക്കിള്‍ ഉണ്ട്..!! ജോലിയും കഴിഞ്ഞ് അവന്‍ നാലു മണിക്ക് കമ്പനി വിട്ടു. 20 മിനിറ്റുകൊണ്ടവന്‍ ശവക്കോട്ട റൂമിലെത്തിയിരിക്കണം...!! ഞാന്‍ എത്തിയത് ഏതാണ്ട് അഞ്ചരക്കാണ്.... അപ്പോള്‍ ജോബി എന്നെയും കാത്ത് ആ ശവക്കോട്ട വാതിലില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു... റൂമില്‍ കയറാതെ....!!!

“എന്തു പറ്റിയെടാ...? നീയെന്താ വീട്ടില്‍ കയറാതെ ഇവിടെ നില്‍ക്കുന്നെ...?”
“എടാ.., അതേയ്.... നമ്മളിന്ന് രാവിലെ ശവക്കോട്ടയില്‍ നിന്നും പിടിച്ച വെള്ളത്തിന് ചോരക്കളറ്...!!!” ഞാന്‍ നടുങ്ങി...!!
“ങ്ഹേ...? നീയെന്താ ഈ പറയുന്നത്...?!!” എനിക്ക് ശരിക്കും വല്ലാണ്ട് പേടി അനുഭവപ്പെട്ടു. എന്നാലും ഞങ്ങള്‍ അതൊന്ന് നോക്കാന്‍ തനെ തീരുമാനിച്ച് അടുക്കളയില്‍ കയറി. ജോബി ദൂരെ നിന്നു കൊണ്ട് അതിന്റെ മുകളിലിരുന്ന തെര്‍മോകാള്‍ ഷീറ്റ് ചെറുതായി മാറ്റി... നീല ബക്കറ്റില്‍ ചുവന്ന വെള്ളം... ശരിക്കും രക്തകളര്‍...!! നടുക്കം വിറയലായി തുടങ്ങി..!! തെര്‍മോകാള്‍ പഴയപടി വീണ്ടും തള്ളി വച്ച് ഞങ്ങള്‍ റൂമിന്റെ പുറത്ത് ചാടി. എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നിന്നു...!! അവസാനം പൌലോസ് ചേട്ടനില്‍ അഭയം പ്രാപിക്കാന്‍ തീരുമാനിച്ചു.

പൌലോസ് ചേട്ടന്റെ റൂമില്‍ മുട്ടി വിളിച്ചു. പൌലോസ് ചേട്ടന്‍ ഒരു ബര്‍മൂഡ മാത്രം ഇട്ട് കടന്നു വന്നു. അത് ഒന്നു കൂടി പേടിപ്പിക്കുന്നതിനു തുല്യമായിരുന്നു. കറുത്തിരുണ്ട.., രോമങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട ഒരു മനുഷ്യന്‍. ഞങ്ങള്‍ പൌലോസ് ചേട്ടനോട് കാര്യം ഇങ്ങനെ അവതരിപ്പിച്ചു..:
“ചേട്ടാ..., നിങ്ങള്‍ എവിടുന്നാ വെള്ളം പിടിക്കുന്നത്...?”
“ശവക്കൊട്ടക്കുള്ളില്‍ നിന്ന്...! എന്തു പറ്റീ...?” എന്ന് പൌലോസ് ചേട്ടന്‍.
“അല്ല ഞങ്ങള്‍ രാവിലെ പിടിച്ച വെള്ളത്തിന്റെ കളറ് മാറിയിരിക്കുന്നു...” ഞങ്ങള്‍ ഒരു വല്ലാത്ത രീതിയില്‍ പറഞ്ഞൊപ്പിച്ചു.
ഒരു ചിരിയായിരുന്നു അതിനാദ്യം കിട്ടിയ ഉത്തരം... “ങ്ഹേ... ഹാ... ഹാ... കളറ് മാറിയോ.. അതു കൊള്ളാല്ലോ...!! എന്നാ ഞാനതൊന്നു കാണട്ടെ..!!” അങ്ങനെ അയാള്‍ ഞങ്ങളോടൊപ്പം വന്നു... ഞങ്ങള്‍ പുറകേ നടന്ന് അടുക്കളയുടെ വാതില്‍ക്കല്‍ നിന്നു. അയാള്‍ അകത്ത് കടന്ന് “എവിടെ വെള്ളം...?” എന്ന് ചോദിക്കും മുന്‍പേ ജോബി ബക്കറ്റ് ചൂണ്ടി കാട്ടി. പൌലോസ്ചേട്ടന്‍ ബക്കറ്റിന്റെ മുകളിലിരുന്ന തെര്‍മോകാള്‍ മാറ്റി.. “ങ്ഹേ...” പൌലോസ് ചേട്ടനും ചെറുതായി ഒന്നു നടുങ്ങുന്നത് ഞങ്ങള്‍ അറിഞ്ഞു... എന്നാലും ആ നടുങ്ങല്‍ കാണിക്കാതെ പൌലോസ് ചേട്ടന്‍ ആ തെര്‍മോകാള്‍ ഉയര്‍ത്തിപ്പിടിച്ച് വെള്ളത്തിലേക്ക് നോക്കി. അപ്പോള്‍ ഞങ്ങള്‍ നടുങ്ങുന്ന മറ്റൊരു സത്യം അറിഞ്ഞു.....!!!

എന്നോ ഒരിക്കല്‍ ഞാന്‍ ചുവന്ന വാട്ടര്‍ കളര്‍ കൊണ്ട് “വെല്‍കം” എന്നെഴുതിയ തെര്‍മോകാള്‍ കൊണ്ടാണ് രാവിലെ ജോബി ബക്കറ്റ് മൂടി വച്ചത്...!! അത് കണ്ട പൌലോസ് ചേട്ടന്‍ ആര്‍ത്തു ചിരിച്ചു.... പിന്നെ ഇത്രയും കൂടി പറഞ്ഞു... “അങ്ങനെയാണേല്‍..., രാത്രി പുരപ്പുറത്ത് പട്ടികള്‍ ഓടി നടന്നപ്പോഴും നിങ്ങള്‍ നന്നായിട്ട് പേടിച്ചിട്ടുണ്ടാവുമല്ലോ....!!! പുറകു വശത്തേ മതില്‍ വഴി പട്ടികള്‍ പുരപുറത്ത് കയറാന്‍ പറ്റും...!!“ ഞങ്ങള്‍ ഒന്നും മിണ്ടിയില്ലാ... പേടിച്ചു എന്നോ, ഇല്ലാ എന്നോ, ഒന്നും പറഞ്ഞില്ലാ...!!! അല്ലെങ്കില്‍ തന്നെ ഇനിയെന്തു പറയാന്‍...!!!ഒരു തീരാദു:ഖം: കഴിഞ്ഞ കൊല്ലം പെങ്ങളുടെ കല്യണത്തിനു ജോബി നാ‍ട്ടില്‍ വന്നപ്പോള്‍ ബൈക്കപകടത്തില്‍ മരിച്ചു. അവനോടൊപ്പമുള്ള എല്ലാ ഓര്‍മ്മകളും ചിരിയുടെതായിരുന്നു...!! പൊട്ടിച്ചിരിയുടെതായിരുന്നു...!!! ഇപ്പോള്‍ അവന്‍ - പാവം - ഓര്‍മ്മകളില്‍ മാത്രം...!!!

Thursday, August 23, 2007

വെള്ളിയാഴ്ച്ച രാത്രി മൂന്ന് മണിക്ക്...!!!

എന്റെ വലിയ കാരണവര്‍ (അപ്പന്റെ അപ്പന്‍) പറഞ്ഞു കേട്ടതാണീ കഥ. ഞാനദ്ദേഹത്തേ ചാച്ചന്‍ എന്നാണ് വിളിച്ചിരുന്നത്.

ഞങ്ങളുടെ നാട്ടില്‍ പ്രധാനമായും റബ്ബര്‍ മരങ്ങളാണല്ലോ ഉപജീവനമാര്‍ഗ്ഗം. ചാച്ചന്‍ എന്നും രാവിലെ 7 മണിയോടെ റബര്‍ വെട്ടാനായി തോട്ടത്തിലേക്ക് പോകും. അന്ന് ഞങ്ങളുടെ തോട്ടം വീട്ടില്‍ നിന്നും കുറച്ച് ദൂരെയായിരുന്നു... അതായത് വീടിനും തോട്ടത്തിനും ഇടയില്‍ മറ്റു രണ്ട് പേരുടെ പറമ്പുകളും ഉണ്ട്. തൈയില്‍ക്കാരുടേയും പാറയടിയില്‍ക്കാരുടേയും പറമ്പുകള്‍ കടന്നു വേണം ഞങ്ങളുടെ തോട്ടത്തില്‍ എത്താന്‍. ഈ തൈയില്‍ക്കാരുടെ തോട്ടം കുന്നായി കിടക്കുന്ന സ്ഥലമാണ്. നമ്മുടെ കഥാനായിക “യക്ഷി“യുടെ ഒരു സഞ്ചാരപാദ തന്നെ ഈ പറമ്പില്‍ കൂടെ ഉണ്ടെന്നാണ് പറയപ്പെടുന്നത്. പലരും പല രാത്രികളിലും ഒരു വലിയ തീഗോളമായി യക്ഷി കടന്നു പോക്കുന്നത് കണ്ടിട്ടുണ്ടത്രേ...!! അവിടെയുള്ള ഒരു ആഞ്ഞിലി മരത്തില്‍ വിശ്രമിച്ച ശേഷമാണത്രേ തന്റെ സഞ്ചാരപാദയിലൂടെ യക്ഷി എന്ന കക്ഷി മുന്നോട്ട് പോകാറ്. ആയിടക്ക് ആ അഞ്ഞിലി മരം വെട്ടി വിക്കാനായി തൈയില്‍ക്കാര്‍ ആലോചനയിടുകയും, മരം വെട്ടാന്‍ കയറിയ ആള്‍ ആ ആഞ്ഞിലിയില്‍ നിന്നും വീണ് മരിക്കുകയും, കൂടെ വന്ന് ആള്‍ ഭ്രാന്ത് പിടിക്കുകയും ചെയ്തു എന്നത് യക്ഷിക്കഥക്ക് തീവൃത കൂട്ടിയ കാലം.ആന്ന് ഒരു വെള്ളിയാഴിച്ച....! പിറ്റേന്ന് ശനിയാഴ്ച്ച രാവിലെ ചാച്ചന് തന്റെ സുഹൃത്തിന്റെ കല്യാണത്തിനു പോകേണ്ടതാണ്. ആയതിനാല്‍ ശനിയാഴിച്ച അതിരാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് റബര്‍ വെട്ടി വച്ച് പോകാമെന്ന് തീരുമാനിച്ചു. റബര്‍പാലെടുത്ത് ഷീറ്റാക്കുന്ന കാര്യം ചാച്ചന്റെ മകനായ എന്റെ അപ്പന്‍ ചെയ്തോളും. ശനിയാഴിച്ച രാവിലെ മൂന്ന് മണി എന്നു പറയുന്നത് വെള്ളിയാഴിച്ച രാത്രി 12 മണിക്ക് ശേഷമാണെന്ന് പാവം ചാച്ചന്‍ അപ്പോള്‍ ഓര്‍ത്തില്ലാ. പിറ്റേന്ന് അതിരാവിലെ മൂന്ന് മണി. ഒരു മെഴുകുതിരി ചിരട്ടക്കകത്ത് ഘടിപ്പിച്ച് തന്‍റെ തോട്ടം ലക്ഷ്യമാക്കി ചാച്ചന്‍ നടന്നു. തൈയില്‍ക്കാരുടെ പറമ്പിലെത്തിയപ്പോള്‍ ഓര്‍മ്മ വന്നു... ഇത് വെള്ളിയാഴിച്ച രാത്രിയുടെ ബാക്കിയാണെന്ന്. ചെറുതായി ഒരു വിറയല്‍ കാലുകളെ ബാദിച്ചു. പിന്നെ ആ വിറയല്‍ ശരീരത്തെ മൊത്തത്തില്‍ വിലക്കെടുത്തു.

നടപ്പിന്റെ ശക്തീ കൂടി വന്നു. തണുപ്പുണ്ടായിട്ടും ചാച്ചനെ വിയര്‍ക്കാന്‍ തുടങ്ങി. ഇപ്പോള്‍ തൈയില്‍ തോട്ടത്തിന്റെ ഏതാണ്ട് ഒത്ത നടുവിലെത്താറായിരിക്കുന്നു. ചാച്ചന്‍ തന്‍റെ നടപ്പിന് വീണ്ടൂം സ്പീഡ് കൂട്ടാന്‍ ശ്രമിച്ചു. അതിനിടയില്‍ ഒരു കാറ്റ് ആഞ്ഞ് വീശി. കയിലിരുന്ന മെഴുകുതിരി ആ കാറ്റില്‍ അമര്‍ന്നണഞ്ഞു. കണ്ണില്‍ കുത്തിയാല്‍ കാണാന്‍ കഴിയില്ലാത്ത രീതിയില്‍ കുറ്റാകുറ്റിരുട്ട്. കൈലിരുന്ന തീപ്പെട്ടി കത്തിക്കാന്‍ ശ്രമിച്ചെങ്കിലും കാറ്റും ശരീരത്തിന്റെ വിറയലും പ്രതികൂലമായി നിന്നു. തിരിച്ചു വീട്ടിലേക്ക് പോകുകയാണ് നല്ലത് എന്ന് മനസ് പറഞ്ഞു... അങ്ങനെ മനസിന്റെ വാക്കുകളെ അനുസരിച്ച് അറിയാവുന്ന വഴിയിലൂടെ ചാച്ചന്‍ വീട്ടിലേക്ക് കുതിച്ചു. തന്റെ നടപ്പ് ഓട്ടത്തിലേക്ക് കണ്‍‌വെര്‍ട്ട് ചെയ്തു. പെട്ടെന്നാണത് സംഭവിച്ചത്....പുറകില്‍ നിന്നും ആരോ തന്റെ ഉടുമുണ്ടില്‍ പിടിച്ചു വലിക്കുന്നു. ഒന്നും കാണാന്‍ കഴിയുന്നില്ലാ... തിരിഞ്ഞു നോക്കാനുള്ള ധൈര്യം ഇനി ശരീരത്തിലോ മനസിലോ ബാക്കിയില്ലാ.... എന്നാലും ഒന്നാഞ്ഞു വലിച്ച് തന്‍റെ ഉടുമുണ്ടിനായി ശരീരം കൊണ്ട് ചാച്ചന്‍ കേണു. ഇല്ലാ ഉടുമുണ്ടില്‍ പിടിച്ചതിനയവില്ലാ...!! ഇനി ഒന്നും ചിന്തിക്കാന്‍ കൂടി ബാക്കിയില്ലായിരുന്നു... ഉടുമുണ്ടില്‍ നിന്നും പിടി ഇനി തന്റെ കഴുത്തിലെത്താന്‍ അധികം ദൂരമില്ലാ എന്ന് മനസിലാക്കിയ ചാച്ചന്‍ തന്റെ മുണ്ട് അഴിച്ചുകൊടുത്ത് അണ്ടര്‍വെയറിന്റെ മറയില്‍ വീടിനെ ലക്ഷ്യമാക്കി ഓടി.. പറന്നു...!!! ഒരു തരത്തില്‍ വീട്ടില്‍ എത്തി. വീട്ടില്‍ എത്തിയിട്ടും ചാച്ചന് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ലാ. കയറി കട്ടിലില്‍ മൂടിപ്പുതച്ച് കിടന്നു ആ വിറയലോടെ. മണിക്കുറുകള്‍ കടന്നു പോയി. രാവിലെ ആറരയായപ്പോള്‍ അമ്മച്ചീ (അപ്പന്റെ അമ്മ) അറിഞ്ഞു. ചാച്ചന് ചുട്ടുപൊള്ളുന്ന പനി. മണിക്കൂറുകള്‍ കഴിഞ്ഞ് പോയി. ചാച്ചന് കൂട്ടുകാരന്റെ കല്യാണപരിപാടി വേണ്ടെന്ന് വയ്ക്കേണ്ടി വന്നു. അന്ന് വകുന്നേരം അടുത്ത വീട്ടിലെ അയ്യപ്പന്‍‌ചേട്ടന്‍ വന്നു. അയ്യപ്പന്‍‌ചേട്ടന്റെ കൈയില്‍ ഇന്നലെ യക്ഷിക്ക് കൊടുക്കേണ്ടി വന്ന ചാച്ചന്റെ ആ മുണ്ട്. അയ്യപ്പന്‍‌ചേട്ടന്‍ ഇങ്ങനെ പറഞ്ഞു തുടങ്ങി: “ഇത് ഇട്ടിയവിരാചേട്ടന്റെ (ചാച്ചന്‍) മൂണ്ടല്ലേ....!!? ഞാനാ തൈയില്‍‌പറമ്പില്‍ കൂടെ നടന്നു വരുമ്പോ അവിടെ കിടന്ന് കിട്ടിയതാ....!! അതും അവിടെ ഒരു ചെറിയ മുള്ളുപനയില്‍ കുരുങ്ങി കിടക്കുവായിരുന്നു. കൊറെ കഷ്‌ടപെട്ടാ ഞാനിതാ മുള്ളില്‍ നിന്നൊന്ന് ഊരിയെടുത്തത്.”

അകത്ത് കിടന്ന് ചാച്ചന്‍ സ്വയം പ്രാകിയിട്ടുണ്ടാവും... ഇല്ലെങ്കില്‍ ആ കൊച്ചു മുള്ളുപനയേ എങ്കിലും ഉറപ്പായും പ്രാകിയിരിക്കും....!!