Thursday, August 30, 2007

ശവക്കോട്ടയില്‍ നിന്നും...

മദ്ധ്യപ്രദേശിലെ, ബിലാസ്പൂര്‍ എന്ന നഗരം. നഗരത്തിന്റെ ഒരു കോണില്‍ ഉള്ളിലേക്ക് കയറി ഒരു വലിയ ഗേറ്റ്... ബിലാസ്പൂറിലെ ക്രിസ്റ്റ്യന്‍ പള്ളിയുടെ ശവക്കോട്ട സ്ഥിതി ചെയ്യുന്നതവിടെയാണ്. അതായത്... പള്ളി റയില്‍‌വേ കോളനിയിലാണ്. അവിടെ ശവക്കോട്ട കെട്ടാനുള്ള സ്കോപ്പില്ലാഞ്ഞിട്ടാവണം ശവക്കോട്ട മറ്റൊരിടത്താക്കിയത്. ശവക്കോട്ടക്ക് ചുറ്റും പലയിടങ്ങളിലായി പലരും താമസിക്കുന്നുണ്ട്. 2-3 ഏക്കറോളം പടര്‍ന്നു കിടക്കുന്ന ശവക്കോട്ടക്ക് ഒരു നോട്ടക്കാരനുണ്ട്... പൌലോസ് എന്നു വിളിക്കാം നമുക്കയാളെ..!! ശവക്കോട്ടയുടെ ഗേറ്റിനുള്ളില്‍ - ഗേറ്റിനോട് ചേര്‍ന്ന് - ഒരു നീണ്ട ഓടിട്ട വീട്.. നാലു മുറികള്‍ ഉള്ള ഒരു വീട്. അവിടെയാണ് പൌലോസും കുടുംബവും ജീവിക്കുന്നത്.. ശവക്കോട്ടക്കുള്ളില്‍ ജീവിക്കുന്നവര്‍ എന്നതു കൊണ്ട് തന്നെ... പലര്‍ക്കും അവര്‍ ഒരു അത്ഭുതമാണ്...!!! പൌലോസ് ഒരു ഒത്ത മനുഷ്യനാണ്... രാത്രിയില്‍ കണ്ടാല്‍ ചിലപ്പോ പേടിച്ചെന്നും വരാം... അങ്ങനെ ഒരു പ്രകൃതമെന്ന് പറയാം. പൌലോസ് ചേട്ടന്റെ മൂത്ത മകന്‍ (രണ്ട് ആണ്‍കുട്ടികളുണ്ടയാള്‍ക്ക്) ഒരു പിക്നിക്കില്‍ വച്ച് വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു എന്നത് ഒരു അവരുടെ ഏറ്റവും വലിയ ഒരു ദു:ഖവുമായിരുന്നു..., എന്നു കൂടി ഇവിടെ കുറിക്കട്ടെ..!!!

* * * * * *

1996, എന്റെ ചേട്ടന് ബിലാസ്പൂറില്‍ നിന്നും ഡോങ്ങര്‍ഗഡ് എന്ന സ്ഥലത്തേക്ക് ട്രാന്‍സ്ഫറായി. എന്റെ പഠനം വീണ്ടും വഴി മുട്ടുമെന്നത് ഒരു വശത്ത്... മറുവശത്ത് ഞാന്‍ ഒഴിവു സമയങ്ങളില്‍ പഠിച്ചുകൊണ്ടിരുന്ന സ്ക്രീന്‍ പ്രിന്റിംഗും അവസാനിപ്പിക്കേണ്ടി വരും. അതുമല്ല..., അന്ന് ഞങ്ങളോടൊപ്പം എന്റെ കസിന്‍ (അമ്മയുടെ ആങ്ങളയുടെ മകന്‍ - എന്നെക്കാള്‍ ഒരു വയസു മൂത്തത്) താമസിക്കുന്നുണ്ടായിരുന്നു. അവന്‍ അവിടെ ഒരു വേയിംഗ് മെഷീന്‍ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. അങ്ങനെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പള്ളിയിലെ ഒരു മലയാളി അച്ചന്‍ പറയുന്നത്... പൌലോസ് ചേട്ടന്‍ താമസിക്കുന്ന സ്ഥലത്ത് ഒരു മുറിയും ചെറിയ ഒരു അടുക്കളയും വെറുതേ കിടപ്പുണ്ട് എന്ന്. വേണമെങ്കില്‍ അവിടുത്തെ വികാരിയച്ചനോട് സംസാരിച്ച് അത് തരപ്പെടുത്തി തരാം എന്ന്...!!!

ഞങ്ങള്‍ ഒരുപാട് ചിന്തിച്ചു... അവസാനം സ്ഥലം ഒന്ന് പോയി കാണാന്‍ തീരുമാനിച്ചു. അങ്ങനെ ഞാനും കസിന്‍ ജോബിയും കൂടി ശവക്കോട്ട റൂമില്‍ ചെന്നു. പൌലോസ് ചേട്ടന്‍ ഞങ്ങളെ റൂം തുറന്ന് കാണിച്ചു. ഒരു ചെറിയ റൂം, അതിന്റെ പകുതി മുഴുപ്പുള്ള ഒരു അടുക്കള. അടുക്കളയില്‍ ഒരു ജനല്‍, അത് തുറക്കുന്നത് ശവക്കോട്ടയിലേക്കാണ്. ഓടിട്ടതിനു താഴെ കറുത്ത ബ്ലാസ്റ്റിക്ക് ഷീറ്റ് അടിച്ച തട്ട്. ഇനി വെള്ളം..., കുടിക്കാനുള്ളത് പൈപ്പില്‍ വരും... ബാക്കി ആവശ്യങ്ങള്‍ക്കുള്ളതോ...!!! ശവക്കോട്ടക്ക് ഒത്ത നടുവില്‍ ഒരു കുഴല്‍ക്കിണര്‍... അതിനോട് ചേര്‍ന്ന് ഒരു കുളിമുറിയും...!! കുളിക്കണമെങ്കില്‍ അവിടെ പോകണം. താമസിക്കേണ്ട റൂമിന്റെ പുറകില്‍ നിന്നു തന്നെ കല്ലറകള്‍ ആരംഭിച്ചിട്ടുണ്ട്. അടുക്കളയില്‍ നിന്നും ഒഴിക്കുന്ന വെയിസ്റ്റ് വെള്ളം ചെന്നു വീഴുന്നത് തന്നെ ഒരു കല്ലറയുടെ തലക്കലാണ്. അപ്പോള്‍ മനസിലാവുമല്ലോ... റുമും കല്ലറയും തമ്മില്‍ ഉള്ള അടുപ്പം...!!! എല്ലാം കണ്ട് ഞങ്ങള്‍ മടങ്ങി.

കാര്യമായി ആലോചിക്കാന്‍ ഞങ്ങള്‍ക്കൊന്നുമില്ലായിരുന്നു... വേണ്ടാ എന്ന് ഞങ്ങള്‍ അവിടെ വച്ച് തന്നെ തീരുമാനിച്ചിരുന്നു. ആയതിനാല്‍ ഞങ്ങള്‍ വേറെ വീട് അന്വേഷിച്ചു...! എന്തുകോണ്ടോ റൂം ഒന്നും ഒരിടത്തും ശരിയായില്ല...!! എന്തോക്കെയോ എവിടെയൊക്കെയോ പ്രശ്നങ്ങള്‍ ആരംഭിച്ചതു പോലെ തോന്നിച്ചു എല്ലാം. ചിലര്‍ തരാം എന്നൊക്കെ ആദ്യം പറഞ്ഞ് പിന്നിട് ആരോ പറഞ്ഞിട്ടെന്ന പോലെ പറ്റില്ലാ എന്ന് പറഞ്ഞു. ചിലയിടത്തെ വാടക ഞങ്ങള്‍ക്ക് താ‍ങ്ങാനാവുന്നതായിരുന്നില്ല....!!! ചേട്ടനും മറ്റും ട്രാന്‍സഫര്‍ ആവേണ്ട ദിവസം അടുത്തു...!! ഇനി ഒരു രക്ഷയുമില്ലാ...!!! ഒരിടത്തും വീട് കിട്ടിയതുമില്ലാ...!! അങ്ങനെ ഞങ്ങള്‍ അവസാനം ശവക്കോട്ടക്കുള്ളിലെ റൂമില്‍‍ താമസിക്കാന്‍ തീരുമാനിച്ചു...!!!

അവിടെ ആദ്യരാത്രി....! അടുക്കളയിലെ ജനല്‍ നന്നായി അടച്ചിട്ടുണ്ട് എന്ന് പലതവണ ഉറപ്പു വരുത്തി... ഒരു ധൈരയ്ത്തിന് അടുക്കളയിലെ ലയിറ്റ് ഓഫാക്കിയില്ലാ... ഉറങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായി..., ഞങ്ങള്‍ രണ്ടു പേരും ഒരു കട്ടിലില്‍ തമാശകള്‍ കെട്ടിച്ചമച്ച് പറഞ്ഞ് പലതവണ തിരിഞ്ഞും മറിഞ്ഞും കിടന്നു.... എന്തുകൊണ്ടോ ഉറക്കം കണ്ണുകളില്‍ ഒന്ന് എത്തിനോക്കാന്‍ പോലും മടിച്ചു നിന്നു. പിന്നെ എപ്പോഴോ രണ്ടു പേരും ഉറങ്ങിപ്പൊയി...!! എന്തോ ശബ്ദം കേട്ട് ഞാന്‍ ചാടി എഴുന്നേറ്റു... അപ്പോള്‍ അവനും ചാടി എഴുന്നേറ്റിരിന്നു...!!! റൂമിന്റെ മെല്‍ക്കുരയില്‍ കൂടി എന്തോ ഓടുന്നു... നടക്കുന്നു...!! മനസിലേ പേടി ഇത്തവണ രണ്ടു പേരും ഒളിച്ചു വച്ചില്ലാ..!! ലയിറ്റിട്ട് ഞങ്ങള്‍ മുകളിലേക്ക് നോക്ക് നിന്നു...!! ശബ്ദം നിലച്ചു...!! കുറെ സമയം ഞങ്ങള്‍ ആ നില്പ് തുടര്‍ന്നു... !! പിന്നെ പതിയെ ലയിറ്റ് ഓഫാക്കി... കിടന്നു... ഒരു നിമിഷം കഴിഞ്ഞില്ലാ... അതാ വീണ്ടും ആരോ പുരപ്പുറത്ത് ഓടുന്നു... ഇത്തവണ ഇതൊരാള്‍ അല്ല.. പലയിടത്തു നിന്നും കേള്‍ക്കാം...!! ലയിറ്റ് വീന്ടും ഓണാക്കി എങ്കിലും ശബ്ദം നിലച്ചില്ലാ... അരോ ഓടിനു മുകളിലൂടെ നടക്കുന്നുണ്ട്‌. അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയാണെന്ന് തോന്നുന്നു...!!! സമയം ഇഴഞ്ഞു നീങ്ങി. പുറത്തിറങ്ങി നോക്കാന്‍ തന്നെ തീരുമാനിച്ചു... ജോബിക്ക് ധൈര്യം ഉണ്ടായിരുന്നെന്നു പറയാം...! അങ്ങനെ ഞങ്ങള്‍ രണ്ടും കല്പിച്ച് പുറത്തിറങ്ങാന്‍ വാതില്‍ക്കല്‍ എത്തി വാതിലിന്റെ കോളുത്ത് എടുത്തതും കറണ്ട് പോയി...!!! വല്ലാത്ത രീതിയില്‍ ഭയപ്പെടാന്‍ ഇതില്‍ പരം ഒന്നും വേണ്ടായിരുന്നു....! പെട്ടന്ന് തന്നെ അവന്‍ വീണ്ടും കൊളുത്ത് ഇട്ടു...!! തമ്മില്‍ തമ്മില്‍ കയില്‍ കയില്‍ പിടിച്ച് തീപ്പെട്ടി തപ്പി പിടിച്ച് കത്തിച്ചു....!! ഇപ്പോള്‍ ആ പുരപ്പുറത്ത് നടക്കുന്ന ആ ശബ്ദം ഇല്ലാ..!! എല്ലായിടത്തും ശാന്തമാണ്.. പക്ഷെ കറണ്ടില്ലാ...!!! പെട്ടന്ന് എവിടുന്നോ ഒരു പട്ടി കുരച്ചു.. ഒന്നു കൂടി പേടിച്ചു.. വല്ലാണ്ട് പേടിച്ചു...!! സമയം നോക്കി.. നാലര കഴിഞ്ഞു. ഇനി ഉറങ്ങാനാവില്ലാ എന്ന് മനസിലാക്കി.. ഞങ്ങള്‍ മെഴുകുതിരി വെട്ടത്തില്‍ അവിടെ ഇരുന്നു.

പകല്‍ വെളിച്ചം കടന്ന് വരുന്നതറിഞ്ഞു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ചെറുതായി ഒന്നുറങ്ങി...!! എഴുന്നേറ്റപ്പോള്‍ എട്ടു മണി കഴിഞ്ഞു. ഇനി ശവക്കോട്ടക്കുള്ളില്‍ പൊയി കുളിക്കണം. രണ്ടു പേരും മാറി മാറി കയറി കുളിച്ചു. പുറത്ത് പലരും വെള്ളം പിടിക്കാന്‍ വരാറുണ്ടെന്നുള്ളത് ഒരു ധൈര്യമായിരുന്നു. കുളി കഴിഞ്ഞ് ഒരു ബകറ്റ് വെള്ളം പാത്രം കഴുകാനും മറ്റുമായി ഉപയോഗിക്കാമെന്ന് കരുതി പിടിച്ചു കൊണ്ടു വന്ന് അടുക്കളയില്‍ വച്ചു. അവിടെ ഇരുന്ന ഒരു പഴയ തെര്‍മോകാള്‍ ഷീറ്റ് എടുത്ത് വച്ച് ബക്കറ്റ് അടച്ചും വച്ച് ഞങ്ങള്‍ ജോലിക്ക് പോയി... രണ്ടു പേര്‍ക്കും സൈക്കിള്‍ ഉണ്ട്..!! ജോലിയും കഴിഞ്ഞ് അവന്‍ നാലു മണിക്ക് കമ്പനി വിട്ടു. 20 മിനിറ്റുകൊണ്ടവന്‍ ശവക്കോട്ട റൂമിലെത്തിയിരിക്കണം...!! ഞാന്‍ എത്തിയത് ഏതാണ്ട് അഞ്ചരക്കാണ്.... അപ്പോള്‍ ജോബി എന്നെയും കാത്ത് ആ ശവക്കോട്ട വാതിലില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു... റൂമില്‍ കയറാതെ....!!!

“എന്തു പറ്റിയെടാ...? നീയെന്താ വീട്ടില്‍ കയറാതെ ഇവിടെ നില്‍ക്കുന്നെ...?”
“എടാ.., അതേയ്.... നമ്മളിന്ന് രാവിലെ ശവക്കോട്ടയില്‍ നിന്നും പിടിച്ച വെള്ളത്തിന് ചോരക്കളറ്...!!!” ഞാന്‍ നടുങ്ങി...!!
“ങ്ഹേ...? നീയെന്താ ഈ പറയുന്നത്...?!!” എനിക്ക് ശരിക്കും വല്ലാണ്ട് പേടി അനുഭവപ്പെട്ടു. എന്നാലും ഞങ്ങള്‍ അതൊന്ന് നോക്കാന്‍ തനെ തീരുമാനിച്ച് അടുക്കളയില്‍ കയറി. ജോബി ദൂരെ നിന്നു കൊണ്ട് അതിന്റെ മുകളിലിരുന്ന തെര്‍മോകാള്‍ ഷീറ്റ് ചെറുതായി മാറ്റി... നീല ബക്കറ്റില്‍ ചുവന്ന വെള്ളം... ശരിക്കും രക്തകളര്‍...!! നടുക്കം വിറയലായി തുടങ്ങി..!! തെര്‍മോകാള്‍ പഴയപടി വീണ്ടും തള്ളി വച്ച് ഞങ്ങള്‍ റൂമിന്റെ പുറത്ത് ചാടി. എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നിന്നു...!! അവസാനം പൌലോസ് ചേട്ടനില്‍ അഭയം പ്രാപിക്കാന്‍ തീരുമാനിച്ചു.

പൌലോസ് ചേട്ടന്റെ റൂമില്‍ മുട്ടി വിളിച്ചു. പൌലോസ് ചേട്ടന്‍ ഒരു ബര്‍മൂഡ മാത്രം ഇട്ട് കടന്നു വന്നു. അത് ഒന്നു കൂടി പേടിപ്പിക്കുന്നതിനു തുല്യമായിരുന്നു. കറുത്തിരുണ്ട.., രോമങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട ഒരു മനുഷ്യന്‍. ഞങ്ങള്‍ പൌലോസ് ചേട്ടനോട് കാര്യം ഇങ്ങനെ അവതരിപ്പിച്ചു..:
“ചേട്ടാ..., നിങ്ങള്‍ എവിടുന്നാ വെള്ളം പിടിക്കുന്നത്...?”
“ശവക്കൊട്ടക്കുള്ളില്‍ നിന്ന്...! എന്തു പറ്റീ...?” എന്ന് പൌലോസ് ചേട്ടന്‍.
“അല്ല ഞങ്ങള്‍ രാവിലെ പിടിച്ച വെള്ളത്തിന്റെ കളറ് മാറിയിരിക്കുന്നു...” ഞങ്ങള്‍ ഒരു വല്ലാത്ത രീതിയില്‍ പറഞ്ഞൊപ്പിച്ചു.
ഒരു ചിരിയായിരുന്നു അതിനാദ്യം കിട്ടിയ ഉത്തരം... “ങ്ഹേ... ഹാ... ഹാ... കളറ് മാറിയോ.. അതു കൊള്ളാല്ലോ...!! എന്നാ ഞാനതൊന്നു കാണട്ടെ..!!” അങ്ങനെ അയാള്‍ ഞങ്ങളോടൊപ്പം വന്നു... ഞങ്ങള്‍ പുറകേ നടന്ന് അടുക്കളയുടെ വാതില്‍ക്കല്‍ നിന്നു. അയാള്‍ അകത്ത് കടന്ന് “എവിടെ വെള്ളം...?” എന്ന് ചോദിക്കും മുന്‍പേ ജോബി ബക്കറ്റ് ചൂണ്ടി കാട്ടി. പൌലോസ്ചേട്ടന്‍ ബക്കറ്റിന്റെ മുകളിലിരുന്ന തെര്‍മോകാള്‍ മാറ്റി.. “ങ്ഹേ...” പൌലോസ് ചേട്ടനും ചെറുതായി ഒന്നു നടുങ്ങുന്നത് ഞങ്ങള്‍ അറിഞ്ഞു... എന്നാലും ആ നടുങ്ങല്‍ കാണിക്കാതെ പൌലോസ് ചേട്ടന്‍ ആ തെര്‍മോകാള്‍ ഉയര്‍ത്തിപ്പിടിച്ച് വെള്ളത്തിലേക്ക് നോക്കി. അപ്പോള്‍ ഞങ്ങള്‍ നടുങ്ങുന്ന മറ്റൊരു സത്യം അറിഞ്ഞു.....!!!

എന്നോ ഒരിക്കല്‍ ഞാന്‍ ചുവന്ന വാട്ടര്‍ കളര്‍ കൊണ്ട് “വെല്‍കം” എന്നെഴുതിയ തെര്‍മോകാള്‍ കൊണ്ടാണ് രാവിലെ ജോബി ബക്കറ്റ് മൂടി വച്ചത്...!! അത് കണ്ട പൌലോസ് ചേട്ടന്‍ ആര്‍ത്തു ചിരിച്ചു.... പിന്നെ ഇത്രയും കൂടി പറഞ്ഞു... “അങ്ങനെയാണേല്‍..., രാത്രി പുരപ്പുറത്ത് പട്ടികള്‍ ഓടി നടന്നപ്പോഴും നിങ്ങള്‍ നന്നായിട്ട് പേടിച്ചിട്ടുണ്ടാവുമല്ലോ....!!! പുറകു വശത്തേ മതില്‍ വഴി പട്ടികള്‍ പുരപുറത്ത് കയറാന്‍ പറ്റും...!!“ ഞങ്ങള്‍ ഒന്നും മിണ്ടിയില്ലാ... പേടിച്ചു എന്നോ, ഇല്ലാ എന്നോ, ഒന്നും പറഞ്ഞില്ലാ...!!! അല്ലെങ്കില്‍ തന്നെ ഇനിയെന്തു പറയാന്‍...!!!ഒരു തീരാദു:ഖം: കഴിഞ്ഞ കൊല്ലം പെങ്ങളുടെ കല്യണത്തിനു ജോബി നാ‍ട്ടില്‍ വന്നപ്പോള്‍ ബൈക്കപകടത്തില്‍ മരിച്ചു. അവനോടൊപ്പമുള്ള എല്ലാ ഓര്‍മ്മകളും ചിരിയുടെതായിരുന്നു...!! പൊട്ടിച്ചിരിയുടെതായിരുന്നു...!!! ഇപ്പോള്‍ അവന്‍ - പാവം - ഓര്‍മ്മകളില്‍ മാത്രം...!!!

2 comments:

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു. പോസ്‌റ്റു ചെയ്യുന്നതിനു മുന്‍പ്‌ ഒന്ന്‌ എഡിറ്റു ചെയ്താല്‍ കൂടുതല്‍ മനോഹരമാകും
ഉദാഹരണം
“തമ്മില്‍ തമ്മില്‍ കയില്‍ കയില്‍ പിടിച്ച് തീപ്പെട്ടി തപ്പി പിടിച്ച് കത്തിച്ചു....!! ഇപ്പോള്‍ ആ പുരപ്പുറത്ത് നടക്കുന്ന ആ ശബ്ദം ഇല്ലാ..!! എല്ലായിടത്തും ശാന്തമാണ്.“
1.തമ്മില്‍ തമ്മില്‍ - എന്നു പറയേണ്ട ആവശ്യം ഉണ്ടോ?
2.കയില്‍ - കൈയില്‍ / കയ്യില്‍ ഏതാണ് ശരി
3.രണ്ടു കയ്യിലും പിടിച്ചാല്‍ എങ്ങനാ മൂന്നാം കൈ വേണ്ടേ തീപ്പെട്ടി എടുക്കാന്‍.
4.എല്ലായിടത്തും - എല്ലായിടവും കുറച്ചുകൂടി യോചിച്ചത്‌.

എടാ വാഴേ,
സ്‌നേഹം കൊണ്ട്‌ പറഞ്ഞതാ....
നിനക്ക്‌ എഴുത്തില്‍ ഒരു ഭാവിയുണ്ട്‌...
തുടരുക.

ശ്രീ said...

ജോസ്മോനേ...
വൈകിപ്പോയി, ഇങ്ങെത്താന്‍‌...
നന്നായിരിക്കുന്നു, സംഭവ കഥ.

ജോബിയ്ക്ക് ആദരാഞ്ജലികള്‍‌!